Kerala
കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസില്‍ ചാണകവെള്ളം തളിച്ച് ശുദ്ധികലശം നടത്തിയ സംഭവത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
പേരാമ്പ്ര പോലീസ് ആണ് സംഭവത്തില്‍ എസ്സി/എസ്ടി വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നല്കിയ പരാതിയിലാണ് നടപടി.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ പി.എം. ഫൈസലിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചൂലും ബക്കറ്റില്‍ ചാണകവെള്ളവുമായി ശുദ്ധികലശം നടത്തിയത്.
ചങ്ങരോത്ത് പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് 2020ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. ആകെയുള്ള19 വാര്‍ഡില്‍ 10 സീറ്റില്‍ എല്‍ഡിഎഫും ഒമ്പത് സീറ്റില്‍ യുഡിഎഫുമാണ് അന്ന് ജയിച്ചത്.
പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി സംവരണമായതിനാല്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗമായ ഉണ്ണി വേങ്ങേരിയാണ് പഞ്ചായത്ത് പ്രസിഡന്റായത്. ദളിത് വ്യക്തി പ്രസിഡന്റായതിലുള്ള അമര്‍ഷമാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകരെ ശുദ്ധികലശം നടത്താന്‍ ഇടയാക്കിയതെന്നാണ് സിപിഎം പറയുന്നത്.
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനു പിന്നാലെ യുഡിഎഫ് വിപുലീകരിക്കാനുള്ള നീക്കം ആരംഭിച്ചു. ഇടതുപക്ഷത്തെ അതൃപ്തരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതൃപ്തരായ നിരവധി പേർ എൽഡിഎഫിലുണ്ട്. ആശയപരമായി യോജിക്കാൻ കഴിയുന്നവർ മുന്നണിയിലേക്ക് വരുമെന്നാണ് കരുതുന്നത്. ആരുടെയും പേരെടുത്ത് പറയുന്നില്ല. മുന്നണി വിപുലീകരിച്ച് അടിത്തറ ശക്തിപ്പെടുത്തും.
തെരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി ഓരോ കാർഡ് ഇറക്കി കളിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ന്യൂനപക്ഷ കാർഡ് ഇറക്കി കളിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ കാർഡ് ഇറക്കിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Kerala
കൊല്ലം: യുഡിഎഫിന്റെ അഭിവാജ്യഘടകമായ മുസ്ലീംലീഗ് മുന്നണിവിടുമോ എന്ന കാര്യത്തിൽ ആരും മനപ്പായസം ഉണ്ണേണ്ടന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ. തദ്ദേശതെരഞ്ഞെടുപ്പ് സെമിഫൈനലാണ്. നിയമസഭ തെരഞ്ഞെടുപ്പാണ് ഫൈനൽ. അതിനുള്ള ഒരുക്കത്തിലാണ് യുഡിഎഫെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്ക്ലബിൽ നടന്ന മീറ്റ് ദപ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് വിരുദ്ധ വികാരം പ്രകടിപ്പിക്കുന്ന അൻവർ യുഡിഎഫിന്റെ ഭാഗമാകണമെന്നാണ് ലീഗിന്റെ നിലപാട്. യുഡിഎഫിൽ ചേർക്കണമോ എന്നതെല്ലാം മുന്നണി കൂട്ടായി തീരുമാനിക്കും. യുഡിഎഫിന് ഒരിക്കലും മാറ്റം വന്നിട്ടില്ലെന്നു പറഞ്ഞ തങ്ങൾ, വെൽഫയർ പാർട്ടി രാഷ്ട്രീയനിലപാടിൽ മാറ്റം വരുത്തി യുഡിഎഫിനെ സഹായിക്കുകയാണ്.
വെൽഫയർപാർട്ടി യുഡിഎഫിന്റെ സഖ്യകക്ഷിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജമാ അത്ത്ഇസ്ലാമിയെകൂടെ ചേർക്കുന്നതു ആത്മഹത്യപരമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വന്തം അനുഭവത്തിൽനിന്നു വിളിച്ചു പറയുന്നതാണെന്നും തങ്ങൾ വ്യക്തമാക്കി. ഭരണവിരുദ്ധവികാരം കേരളത്തിൽ ശക്തമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായി മത്സരത്തെ നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തേഞ്ഞിപ്പലം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോർവിളി നടത്തിയതിന് പിന്നാലെ മുസ്ലീം ലീഗ് നേതാവിനെ മർദിച്ച രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ചേലേമ്പ്ര കുറ്റിപ്പാല സ്വദേശി പടിഞ്ഞാറെ കോട്ടായിൽ അബ്ദു സലാമിനാണ് മർദനമേറ്റത്.
സംഭവത്തിൽ ചേലേമ്പ്ര കൊളക്കാട്ടുചാലി സ്വദേശി പറമ്പിൽ അനൂപ് (43), ചേലൂപ്പാടം സ്വദേശി ചേളാശേരി പറമ്പിൽ സജിത്ത് (33)എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. വാട്ട്സ് ഗ്രൂപ്പിലുണ്ടായ രാഷ്ട്രീയ തർക്കം ഒടുവിൽ വ്യക്തിപരമായ വെല്ലുവിളിയിലേക്ക് എത്തുകയും സിപിഎം പ്രവർത്തകർ ലീഗ് നേതാവിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയുമായിരുന്നു.
ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് തലക്ക് സാരമായി പരിക്കേറ്റ അബ്ദുൾ സലാം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള യുഡിഎഫ് സീറ്റ് വിഭജനത്തില്‍ ധാരണയായി. ആകെയുള്ള 23 സീറ്റുകളിൽ കോണ്‍ഗ്രസ് പതിനാറിടത്തും കേരളാ കോണ്‍ഗ്രസ് ഏഴ് സീറ്റിലും മത്സരിക്കും.
മുസ്ലീം ലീഗിന് നൽകിയ വൈക്കം സീറ്റിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കും. അനുയോജ്യമായ സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്തതിനാൽ വൈക്കം കോൺഗ്രസിനു നൽകുകയാണെന്ന് ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു.
കിടങ്ങൂർ, തൃക്കൊടിത്താനം, അതിരമ്പുഴ, കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കങ്ങഴ എന്നീ സീറ്റുകളിൽ കേരള കോൺഗ്രസ് മത്സരിക്കും.യുഡിഎഫ് ജില്ലാ നേതൃയോഗത്തിലാണ് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായത്.